logo
SERVICE HELPE DESK KGVOA
kgvoaservicehelpdesk@gmail.com
Official Website of Kerala Government Veterinary Officers Association
Editorial Board
ജനറൽ ട്രാൻസ്ഫർ - കോടതി ഇടപെടൽ

വെറ്ററിനറി സർജൻ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികകളിൽ ജനറൽ ട്രാൻസ്ഫർ നടത്താതെ മറ്റു ട്രാൻസ്ഫറുകൾ ഒന്നും നടത്തരുത് എന്നുള്ള കോടതി വിധിയെ മറികടക്കാനുള്ള വകുപ്പിന്റെ ശ്രമത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വീണ്ടും തടഞ്ഞു. എല്ലാ വകുപ്പുകളിലും കുറ്റമറ്റ രീതിയിൽ ട്രാൻസ്ഫർ നടപ്പിലാക്കുന്ന സ്പാർക്ക് സോഫ്റ്റ്‌വെയർ നിലനിൽക്കെ, നമ്മുടെ വകുപ്പിന് മാത്രമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മിച്ചു മാത്രമേ ജനറൽ ട്രാൻസ്ഫർ നടത്തുകയുള്ളൂ എന്ന വകുപ്പിലെ ചിലരുടെ വാശിയാണ്, അർഹതപ്പെട്ട പ്രമോഷനുകൾ വരെ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കാരണമായത്. അഡ്വൈസ് ലഭിച്ചു മൂന്നു മാസം കഴിഞ്ഞിട്ടും പിഎസ്സി പോസ്റ്റിങ്ങ് നടത്താതെ,122 തസ്തികകൾ ഒഴിച്ചിട്ട് അഡീഷണൽ ചാർജിന്റെ ഭാരം ഈ മാർച്ച് മാസത്തിലും ഡോക്ടർമാരുടെ തലയിൽ കെട്ടിവെക്കാൻ കാരണവും ഈ അനധികൃത ട്രാൻസ്ഫർ നടത്താനുള്ള മോഹം കൊണ്ട് മാത്രമാണ്. സീനിയർ ഡോക്ടർമാർക്ക് അർഹതപ്പെട്ട പോസ്റ്റുകളിലേക്ക് ട്രാൻസ്ഫർ നൽകിയതിനു ശേഷം മാത്രമേ പുതിയ പോസ്റ്റിംഗും പ്രമോഷനും നടത്താൻ പാടുള്ളൂ എന്നാണ് പി എസ് സി പോസ്റ്റിങ്ങ് വൈകുന്നതിന് കാരണമായി നമ്മുടെ യുവ ഡോക്ടർമാരെ പറഞ്ഞു പറ്റിച്ചിരുന്നത്. അതിൽ ഇത്തിരിയെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ, അഡ്വൈസ് വന്നതിനുശേഷം സ്പാർക്ക് വഴി ജനറൽ ട്രാൻസ്ഫർ വിളിച്ചിരുന്നെങ്കിലും ഇപ്പോഴേക്കും ഫൈനൽ ട്രാൻസ്ഫർ ഓർഡറും ഇറക്കി പിഎസ്സി പോസ്റ്റിങ്ങ് സുഖമായി നടത്താമായിരുന്നു. എന്നാൽ ഇവർക്ക് വേണ്ടത് അതല്ലായിരുന്നു. സ്വന്തക്കാർക്ക് വേണ്ടി മാത്രം ട്രാൻസ്ഫർ നടത്തി, അടുത്ത മൂന്ന് വർഷത്തേക്ക് ജനറൽ ട്രാൻസ്ഫർ വന്നാലും അവരുടെ പോസ്റ്റിന് ഒന്നും സംഭവിക്കാതിരിക്കാനുള്ള വലിയ കരുതൽ. അങ്ങനെ ജനറൽ ട്രാൻസ്ഫർ എന്ന ഒരു രാഷ്ട്രീയ പിടിപാടും ഇല്ലാത്തവരുടെ ഒരേയൊരു അത്താണിയെ ഇല്ലാതാക്കുക എന്ന ഗൂഢ തന്ത്രം. ഇത്തരം നിഗൂഢ പ്ലാനുകൾ കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടാണ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമായ ഉത്തരവ് നൽകിയിരിക്കുന്നത്. ട്രാൻസ്ഫർ നടത്താൻ നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ജനറൽ ട്രാൻസ്ഫർ നടത്തി കാണിക്കൂ. അതിനായി P&ARD ഇറക്കിയ ഉത്തരവുകളെ മാത്രം പിൻപറ്റണം എന്നും കോടതി വ്യക്തമാക്കി. അല്ലാതെ തന്നിഷ്ടപ്രകാരം വകുപ്പ് പടച്ചുവിട്ട ക്ലാരിഫിക്കേഷൻ ഉത്തരവുകളെയൊന്നും കോടതി വക വെച്ചില്ല. നീതിപൂർവമായ ട്രാൻസ്ഫർ ഈ വകുപ്പിൽ നടപ്പിലാക്കുന്നത് വരെയും അതിലെ അനീതികൾക്കെതിരെ ഈ സംഘടന പൊരുതിക്കൊണ്ടേയിരിക്കും.

വെറ്ററിനറി ഡോക്ടർമാരോടുള്ള അവഗണന: ജനുവരി 27-ന് സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിനം